ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിന് ആസ്റ്റണ്‍ വില്ലയെ കീഴടക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയമാഘോഷിച്ചപ്പോള്‍, ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലിരുന്ന് പാസ്‌ക്വലും ലോറിഡാനയും വാവിട്ടുകരയുകയായിരുന്നു. മാഞ്ചസ്റ്ററിന്റെ വിജയം വര്‍ഷങ്ങളായുള്ള അവരുടെ കഷ്ടപ്പാടുകള്‍ക്കുള്ള പ്രതിഫലമാണെന്ന ആനന്ദമാണ് അവരെ കരയിപ്പിച്ചത്. പതിനെട്ടു തികഞ്ഞിട്ടില്ലാത്ത മകന്‍ ഫെഡറിക്കോ മാച്ചേഡയുടെ ഗോളാണ് മാഞ്ചസ്റ്ററിന് എന്നെന്നും ഓര്‍ക്കാനൊരു വിജയം അന്നു സമ്മാനിച്ചത്. ഒരാഴ്ചയ്ക്കുശേഷം ശനിയാഴ്ച സണ്ടര്‍ലന്‍ഡിനെതിരെ കളിക്കളത്തിലിറങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ മാച്ചേഡ വീണ്ടും ഗോളടിച്ചപ്പോള്‍, പാസ്‌ക്വലും ലോറിഡാനയും കരഞ്ഞില്ല. മകന്റെ പ്രതിഭയില്‍ അഭിമാനംകൊണ്ട അവരെ ക്യാമറക്കണ്ണുകള്‍ ഇമചിമ്മാതെ ഒപ്പിയെടുക്കുകയായിരുന്നു അപ്പോള്‍. ലോക ഫുട്‌ബോളില്‍ത്തന്നെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ അത്ഭുതമായി ഫെഡറിക്കോ മാച്ചേഡ മാറിക്കഴിഞ്ഞു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വെയ്ന്‍ റൂണിയും കാര്‍ലോസ് ടെവസും ദിമിത്തര്‍ ബെര്‍ബറ്റോവും അണിനിരക്കുന്ന മാഞ്ചസ്റ്റര്‍ നിരയെ തുടരെ രണ്ടുകളികളില്‍ രക്ഷിക്കുക. ഫുട്‌ബോളിലേക്ക് പിച്ചവെക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ തുടക്കം കിട്ടാനില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളില്‍നിന്നും ചെല്‍സിയില്‍നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന മാഞ്ചസ്റ്ററിന് മാച്ചേഡയുടെ രണ്ടുഗോളുകള്‍ കഴിഞ്ഞവര്‍ഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ 42 ഗോളുകള്‍ക്ക് തുല്യമാണ്. രണ്ടുവട്ടവും ഉറപ്പിച്ച സമനിലയില്‍നിന്നാണ് വിജയത്തിലേക്കും വിലപ്പെട്ട ആറുപോയന്റിലേക്കുംമാച്ചേഡ അവരെ കൈപിടിച്ചുകയറ്റിയത്.
മാഞ്ചസ്റ്ററും ആരാധകരും പുതിയ താരോദയത്തില്‍ ആവേശം കൊള്ളുമ്പോള്‍ പാസ്‌ക്വലും ലോറിഡാനയും പട്ടിണികിടന്ന വര്‍ഷങ്ങളെക്കുറിച്ചായിരുന്നു ആലോചിച്ചത്. കിട്ടുന്ന കൂലിവേലകളെല്ലാം ചെയ്ത്, രാത്രി ഉറങ്ങാതെ, പകല്‍ മകന്റെ കരിയര്‍ മെച്ചപ്പെടുത്താനായി അവിശ്രമം ഉണര്‍ന്നിരുന്ന അച്ഛനാണ് പാസ്‌ക്വല്‍. അമ്മ ലോറിഡാനയും ഉറക്കവും വിശ്രമവും ഇക്കാലമത്രയും വേണ്ടെന്നുവെച്ചു. അതിനവര്‍ക്ക് ഫലം കിട്ടിയത് 2007-ല്‍ മാഞ്ചസ്റ്ററില്‍നിന്ന് ക്ഷണം കിട്ടിയതോടെയാണ്. ഇറ്റലിക്കാരനായ മാച്ചേഡയും കുടുംബവും അവിടെത്തന്നെ ഫുട്‌ബോള്‍ ജീവിതം നയിക്കാമെന്ന് വിശ്വസിച്ചിരുന്ന കാലമായിരുന്നു അത്. ലാസിയോയുടെ യൂത്ത് ടീമില്‍ അംഗമായിരുന്നു മാച്ചേഡ. എന്നാല്‍, പതിനെട്ടു തികയാത്തവരുമായി പ്രൊഫഷണല്‍ മാനദണ്ഡങ്ങളനുസരിച്ച് കരാറൊപ്പിടാന്‍ ഇറ്റലിയില്‍ നിയമം അനുവദിക്കുന്നില്ല.
യഥാര്‍ഥത്തില്‍ ലാസിയോയുടെ നഷ്ടമാണ് മാച്ചേഡ. ദിവസവും പരിശീലനത്തിനെത്താന്‍ പണമില്ലാതെ വിഷമിച്ച മാച്ചേഡയും കുടുംബവും ഫുട്‌ബോള്‍ അവസാനിപ്പിക്കാന്‍പോലും തീരുമാനിച്ചിരുന്നതാണ്. ഈ പ്രതിസന്ധിയില്‍ നില്‍ക്കെയാണ് മാച്ചേഡയ്ക്ക് മാഞ്ചസ്റ്ററില്‍നിന്ന് വിളിവന്നത്. വര്‍ഷം അരക്കോടി രൂപ പ്രതിഫലത്തില്‍ കളിക്കാന്‍ തയ്യാറുണ്ടോയെന്നായിരുന്നു മാഞ്ചസ്റ്ററില്‍നിന്നുള്ള ചോദ്യം. മകന്റെ കരിയര്‍ വഴിമുട്ടിനില്‍ക്കുന്ന അവസ്ഥയില്‍ പാസ്‌ക്വലിന് മറ്റൊരുത്തരമുണ്ടായിരുന്നില്ല. മൂന്നുനേരം ഭക്ഷണം കണ്ടെത്താന്‍ വിഷമിച്ചിരുന്ന കുടുംബത്തിന് അത് ബമ്പര്‍ ലോട്ടറി അടിച്ച അനുഭവമായിരുന്നു.
മാഞ്ചസ്റ്റര്‍ യൂത്ത് ടീമില്‍ ഇടം നേടിയ മാച്ചേഡ അണ്ടര്‍-18 ടീമില്‍ അരങ്ങേറ്റത്തില്‍ത്തന്നെ ഗോള്‍ നേടി. 2007 സപ്തംബര്‍ 15 നായിരുന്നു അത്. സീസണില്‍ യൂത്ത് താരങ്ങളില്‍ ടോപ് സ്‌കോററായി മാറിയ മാച്ചേഡ, കപ്പ് വിന്നേഴ്‌സ് ഫൈനലില്‍ ബോള്‍ട്ടന്‍ വാന്‍ഡറേഴ്‌സിനെതിരെ ടീമില്‍ സ്ഥാനം പിടിച്ചു. പകരക്കാരനായി ഇറങ്ങാനായില്ലെങ്കിലും മത്സരം മാഞ്ചസ്റ്റര്‍ ജയിച്ചതോടെ മാച്ചേഡയുടെ ആദ്യ കിരീടമായി അത്.
2008 ആഗസ്തില്‍ 17-ാം പിറന്നാള്‍ ദിനത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഔപചാരികമായി മാച്ചേഡ കരാര്‍ ഒപ്പിടുന്നത്. അണ്ടര്‍-18 ടീമില്‍ തുടര്‍ന്ന മാച്ചേഡയ്ക്ക് ഇടയ്ക്കിടെ സീനിയര്‍ ടീമിന്റെ റിസര്‍വ് പട്ടികയില്‍ ഇടം കിട്ടി. ഏപ്രില്‍ അഞ്ചിന് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ നടന്ന മത്സരമായിരുന്നു അരങ്ങേറ്റവേദി. പകരക്കാരനായി ഇറങ്ങിയ മാച്ചേഡ ഇഞ്ചുറി ടൈമിന്റെ മൂന്നാംമിനിറ്റില്‍ തകര്‍പ്പനൊരു ഷോട്ടിലൂടെ മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ കണ്ടത്തി. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ കളിയിലെ കേമന്‍ പട്ടവും സ്വന്തമാക്കി. തൊട്ടുപിന്നാലെ പോര്‍ട്ടോയ്‌ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്‌സരത്തിലും ടീമില്‍ ഇടം നേടി. സണ്ടര്‍ലന്‍ഡിനെതിരെ ശനിയാഴ്ച കളത്തിലിറങ്ങി 46-ാം സെക്കന്‍ഡില്‍ത്തന്നെ ഗോളടിച്ച് മാച്ചേഡ താരത്തിളക്കത്തിന് കൂടുതല്‍ പകിട്ടേകി.
Friday, April 17, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment